കൊച്ചി: മഴയെത്തിയാൽ മയാളികൾ പതിവായി കേൾക്കുന്നതാണ് റെഡ് അലേർട്ട്, ഓറഞ്ച് അലേർട്ട്, യെല്ലോ അലേർട്ട് എന്നീ വാക്കുകൾ. എന്നാൽ ഇന്ന് രാവിലെ മറ്റൊരു അലേർട്ട് പ്രഖ്യാപിച്ച വിവരമാണ് വയനാട് കളക്ടർ ഡിആർ മേഘശ്രീ പങ്കുവെച്ചത്. ബാണാസുര സാഗർ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു എന്നായിരുന്നു ആ വാർത്ത. ഇതോടെ എന്താണ് ബ്ളൂ അലേർട്ട് എന്നും ജാഗ്രത പാലിക്കേണ്ടതുണ്ടോ എന്നുമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുമ്പോൾ പ്രഖ്യാപിക്കുന്നതാണ് ബ്ലൂ അലേർട്ട്. അണക്കെട്ടുകളിലെ അലേർട്ടുകളെക്കുറിച്ച് അറിയാം.

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കുന്നതിനു വേണ്ടി മൂന്ന് തരം അലേർട്ടുകളാണ് പുറപ്പെടുവിക്കുന്നത്. നീല (ബ്ലൂ അലേർട്ട് ), ഓറഞ്ച്, ചുവപ്പ് ( റെഡ് അലേർട്ട് ) എന്നിവയാണ് ഡാം സുരക്ഷാ എമർജൻസി അലേർട്ടുകൾ . അലേർട്ടുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഡാമുകളിലെലെ അധികജലം ഒഴുക്കി വിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായി ബ്ലൂ അലേർട്ട് പ്രഖ്യാപിക്കുക. നിലവിൽ വയനാട് ബാണാസുര സാഗർ ഡാമിൽ പ്രഖ്യാപിച്ചത് ഈ അലേർട്ടാണ്. ഈ ഘട്ടത്തിൽ തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതൊരു മുന്നറിയിപ്പ് നടപടിയാണ്. ഓരോ അലേർട്ടുകളെക്കുറിച്ചും. മുൻകരുതൽ നടപടികളും അറിയാം.